ഈ ക്രിസ്മസ് കാലത്ത് കുട്ടികൾക്കായി ഇ-സ്കൂട്ടറുകൾ വാങ്ങരുതെന്ന് കാൽഗറിയിലെ ആരോഗ്യ വിദഗ്ധർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇ-സ്കൂട്ടറുകൾ കുട്ടികൾക്ക് വലിയ അപകടസാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് എമർജൻസി ഫിസിഷ്യനായ ഡോ. സ്റ്റെഫാനി വാൻഡൻബർഗ് പറയുന്നു.
കുട്ടികൾക്ക് ഇത്തരം സ്കൂട്ടറുകളിൽ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെങ്കിലും, വേഗത നിയന്ത്രിക്കാനുള്ള ബാലൻസോ വിവേചനബുദ്ധിയോ അവർക്ക് പലപ്പോഴും ഉണ്ടാകാറില്ലെന്ന് അവർ വിശദീകരിച്ചു. ആൽബർട്ട ഹെൽത്ത് സർവീസസിൻ്റെ റിപ്പോർട്ട് പ്രകാരം, 2022-നും 2025-നും ഇടയിൽ കാൽഗറിയിൽ മാത്രം 3,660 ഇ-സ്കൂട്ടർ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലെ അപകടങ്ങൾ ഏകദേശം 68 ശതമാനമാണ് വർദ്ധിച്ചത്.
സ്വകാര്യ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പല കുടുംബങ്ങൾക്കും അറിവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാൽഗറിയിൽ പൊതുനിരത്തുകളിലും നടപ്പാതകളിലും പാർക്കിംഗ് ഏരിയകളിലും സ്വകാര്യ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിലവിൽ ഒരു പരീക്ഷണാടിസ്ഥാനത്തിൽ , സൈക്കിൾ ലെയ്നുകളിൽ മണിക്കൂറിൽ 20 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രം ഇവ ഉപയോഗിക്കാൻ അനുമതിയുണ്ട്. ആൽബർട്ട സർക്കാർ നിലവിലെ ട്രാഫിക് സേഫ്റ്റി ആക്ട് പുനപരിശോധിച്ചു വരികയാണ്, ഇതിലൂടെ ഇ-സ്കൂട്ടർ നിയമങ്ങളിൽ മാറ്റം വന്നേക്കാം. ബേർഡ് , ന്യൂറോൺ തുടങ്ങിയ വാടകയ്ക്ക് നൽകുന്ന ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും അത് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഹെൽമെറ്റുകൾ ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അത് നിർബന്ധമാക്കിയിട്ടില്ല. അതിനാൽ കൂടുതൽ കർശനമായ സുരക്ഷാ നിയമങ്ങൾ വേണമെന്നാണ് വിദഗ്ധരുടെ ആവശ്യം. എന്നാൽ നിയമങ്ങൾ പാലിക്കുകയും ഹെൽമെറ്റ് ധരിക്കുകയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ചെയ്താൽ ഇ-സ്കൂട്ടറുകൾ സുരക്ഷിതമാണെന്നാണ് കടയുടമകളുടെ പക്ഷം.